കൊതുക് വിശേഷങ്ങള്‍ (Mosquito Facts)

My List

കൊതുകുകള്‍ ഭീകരന്മാരാണെന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ലോകത്ത് ഇന്നും വിവിധങ്ങളായ രോഗങ്ങള്‍ പരത്തി ജൈത്രയാത്ര തുടരുന്ന കൊതുകിനെ കുറിച്ച് ഇതാ ചില രസകരമായ വിശേഷങ്ങള്‍:

🦟 Fact 1
കൊതുകുകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ നിലനിൽക്കുന്നു. ഇവ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പ്രാണികളിൽ ഒന്നാണ്.
🦟 Fact 2
ലോകമെമ്പാടും 3,500-ലധികം ഇനം കൊതുകുകൾ ഉണ്ട്. എന്നാല്‍ അവയില്‍ ചിലത് മാത്രമേ മനുഷ്യന് അപകടകരമായിട്ടുള്ളൂ. ചിലത് പക്ഷികളോ ഉരഗങ്ങളോ പോലുള്ള ജീവികളുടെ രക്തം ഇഷ്ടപ്പെടുന്നു.
🦟 Fact 3
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊതുകുകൾ കാണപ്പെടുന്നു. ഉഷ്ണമേഖലാ മഴക്കാടുകൾ മുതൽ വരണ്ട മരുഭൂമികൾ വരെ വിവിധ പരിതസ്ഥിതികളിൽ അവ വളരുന്നു.
🦟 Fact 4
ഒരു കൊതുകിന്റെ ശരാശരി ഭാരം 2 to 2.5 മില്ലിഗ്രാം ആണ്. ശരാശരി ആയുസ്സ് 2 ആഴ്ച മാത്രം. പെണ്‍ കൊതുകിന്റെ ആയുസ് 3 മുതല്‍ 100 ദിവസം വരെയാണ്. ആണ്‍ കൊതുകിന്റെത് വെറും 10 മുതല്‍ 20 ദിവസം മാത്രം.
🦟 Fact 5
മണിക്കൂറില്‍ 1 മുതല്‍ 1.5 മൈല്‍ വേഗത്തിലാണ് കൊതുക് പറക്കുന്നത്.
🦟 Fact 6
രാത്രിയുടെ നിശബ്ദത ഭേദിച്ച് ചെവിയില്‍ മൂളിപ്പാട്ട് പാടി നമ്മെ ദേഷ്യം പിടിപ്പിക്കുന്നതു കൊതുകിന്റെ ഇഷ്ടവിനോദമാണ്. വാസ്തവത്തില്‍ കൊതുക പാട്ട് പാടുകയല്ല, ചിറകിട്ടടിക്കുകയാണ്. അതിന്റെ ശബ്ദം മൂളലായി അനുഭവപ്പെടുന്നു. ഒരു കൊതുക് സെക്കണ്ടില്‍ 500 പ്രാവശ്യം അതിന്റെ ചിറകിട്ടടിക്കുന്നുണ്ട്. കൊതുക് കുടുംബത്തില്‍ വരുന്ന midge fly എന്ന ഷഡ്പദത്തിന് സെകണ്ടില്‍ 1046 പ്രാവശ്യം ചിറകിട്ടടിക്കാന്‍ കഴിയും. ഓരോ വര്‍ഗ്ഗം കൊതുകിന്റെയും ചിറകടി ശബ്ദത്തിനു പ്രത്യേകതാളമാണ്. അത് തിരിച്ചറിഞ്ഞു, ആണ്‍ കൊതുക് പെണ്‍കൊതുകിലേക്ക് ആകര്ഷിക്കപെടുന്നു.
🦟 Fact 7
ചില ഇനം കൊതുകുകൾക്ക് കുളങ്ങൾ, ബക്കറ്റുകളും ടയറുകളും പോലുള്ള കൃത്രിമ പാത്രങ്ങൾ തുടങ്ങിയവയിലെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഒരു സമയം നൂറുകണക്കിന് മുട്ടകൾ ഇടാൻ കഴിയും.
🦟 Fact 8
20 -35 മീറ്റര്‍ അകലത്തു നില്‍ക്കുന്ന ആളെ തിരിച്ചറിയാനും മണം പിടിക്കാനും കൊതുകിനു കഴിയും. 6 മീറ്റര്‍ അകലത്തു നില്‍ക്കുന്ന വസ്തുവിന്റെ ചലനം തിരിച്ചറിയാന്‍ കൊതുകിനു കഴിയും. ലൈറ്റ് ഓഫ് ചെയ്തു കൊതുകിനെ പറ്റിക്കാമെന്നു വിചാരിക്കേണ്ട. ഇരയുടെ ചൂടുള്ള ശരീരത്തില്‍ നിന്നും വരുന്ന ഇന്‍ഫ്ര റെഡ് രശ്മികള്‍ തിരിച്ചറിഞ്ഞും രാസവസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കിയും അവ ഇരയെ കണ്ടു പിടിക്കുന്നു. കൂടുതലായും കാര്‍ബണ്‍ ഡയോക്സൈഡ്, ലാക്ടിക് ആസിഡ് എന്നിവ ഉള്ളിടത്തെക്ക് ഇവ വേഗം ആകര്‍ഷിക്കപ്പെടുന്നു. കൊതുക് കടി മൂലം ദേഷ്യം പിടിച്ചു നാം കൈകാലിട്ടടിക്കുമ്പോള്‍ കൊതുകിനു കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
🦟 Fact 9
ഓരോ വര്‍ഷവും ലോകത്ത് 500 മില്ല്യന്‍ (50 കോടി) ആളുകള്‍ക്ക് കൊതുക് കടി മൂലം മലേറിയ (മലമ്പനി) രോഗം പിടിപെടുന്നുണ്ടത്രേ. അതില്‍ 20 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നുമുണ്ട്. പ്ലാസ്മോഡിയം (Plasmodium) എന്ന സൂക്ഷ്മജീവിയാണ് മലേറിയ രോഗം ഉണ്ടാക്കുന്നത്. ഇവയെ വഹിച്ചു കൊണ്ട് പോകുന്നത് അനോഫിലസ് കൊതുകുകളാണ്. ചരിത്രത്തില്‍ യുദ്ധവും അപകട മരണങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ പകുതിയിലേറെപേരും മരണമടഞ്ഞത് ഈ രോഗം മൂലമാണ്!!
🦟 Fact 10
വെള്ളത്തില്‍ എണ്ണ ഒഴിച്ചാല്‍ കൊതുക് ലാര്‍വകള്‍ വേഗം ചത്തുപോകും. കാരണം എണ്ണയുടെ പാട അവയുടെ ശ്വസനത്തെ തടസ്സപെടുത്തുന്നു.
🦟 Fact 11
പെണ്‍ കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുക എന്നറിയാമല്ലോ. ഇതിനു കാരണം എന്താണെന്നോ. പെണ്‍ കൊതുകുകള്‍ക്ക് അവയുടെ മുട്ടകള്‍ പാകമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം (protein) ആവശ്യമാണ്‌. രക്തത്തില്‍ കൂടുതല്‍ മാംസ്യം ഉണ്ട്. ആണ്‍ കൊതുകുകള്‍ക്ക് ഇങ്ങനെ ഒരു ആവശ്യം ഇല്ലാത്തത് കൊണ്ട് പാവം സസ്യഭുക്കുകള്‍ ആയാണ് ജീവിക്കുന്നത്. സസ്യങ്ങളിലും മറ്റും ഉള്ള നീരാണ് അവയുടെ ആഹാരം.
🦟 Fact 12
ഒരു പെണ്‍ കൊതുക് ഒരാളെ അഞ്ചു ദശലക്ഷം തവണ കടിച്ചാല്‍ ഒരു ലിറ്റര്‍ രക്തം നഷ്ടമാകും.
🦟 Fact 13
മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, മഞ്ഞപ്പനി, വെസ്റ്റ് നൈൽ വൈറസ് തുടങ്ങി നിരവധി മാരക രോഗങ്ങൾ പകരാൻ കൊതുകുകളാണ് ഉത്തരവാദികൾ.
🦟 Fact 14
നിങ്ങള്‍ നേന്ത്രപ്പഴം കഴിക്കുകയാണോ? എങ്കില്‍ കൊതുകുകള്‍ നിങ്ങളെ തേടി വരാന്‍ കൂടുതല്‍ സാധ്യത ഉണ്ട്.
🦟 Fact 15
കൊതുകുകൾക്ക് 100 അടി വരെ ദൂരെ നിന്ന് അവയുടെ പ്രത്യേക സെൻസറി അവയവങ്ങൾ ഉപയോഗിച്ച് ഇരയെ കണ്ടെത്താൻ കഴിയും.
🦟 Fact 16
കൊതുകുകളെ അകറ്റുവാന്‍ ഉപയോഗിക്കുന്ന repellents യഥാര്‍ഥത്തില്‍ ചെയ്യുന്നത് നമ്മെ കൊതുകില്‍ നിന്നും ഒളിപ്പിക്കുകയാണ്. ഈ രാസവസ്തുവിന്റെ സാന്നിധ്യം മൂലം നാം എവിടെയാണെന്ന് കൊതുകിനു മനസ്സിലാകാതെ പോകുന്നു.
🦟 Fact 17
നീല നിറമുള്ള വെളിച്ചത്തിലേക്കും വസ്തുക്കളിലെക്കും മറ്റു നിറങ്ങളുടെതിനേക്കാള്‍ ഇരട്ടിയില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടും.
🦟 Fact 18
കൊതുകിന്റെ രക്തം കുടിക്കാനുള്ള അവയവങ്ങള്‍ ഒരു സാധാരണ സിറിഞ്ച് പോലെയല്ല. കടിക്കുന്ന സമയത്ത് അവയുടെ ഉമിനീര്‍ ഒരു പ്രത്യേക കുഴലിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്നു. എന്നാല്‍ രക്തം വലിച്ചെടുക്കുന്നത് വേറൊരു കുഴല്‍ ഉപയോഗിച്ചാണ്.
🦟 Fact 19
കൊതുകുകളുടെ ഉമിനീരിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തുക്കൾ (Anticoagulants) അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമായി രക്തം വലിച്ചെടുക്കാൻ സഹായിക്കുന്നു.
🦟 Fact 20
ഓരോ ആയിരം കൊതുകുകളിലും ഒരു പെണ്‍ കൊതുക് മാരകമായ ഒരു രോഗത്തിന്റെ അണുക്കളെ വഹിക്കുന്നുണ്ടത്രേ.
🦟 Fact 21
ഒരു മഹാഭാഗ്യത്തെ കുറിച്ച് കേള്‍ക്കണോ? എയിഡ്സ് പരത്താനുള്ള ശേഷി കൊതുകിനില്ല. എന്താണ് കാരണമെന്നല്ലേ, രക്തം കുടിക്കുമ്പോള്‍ HIV വൈറസുകൾ കൊതുകിന്റെ ദഹനവ്യവസ്ഥയിൽ എത്തുമെങ്കിലും അവയ്ക്ക് അവിടെ പെരുകാനോ അതിജീവിക്കാനോ സാധിക്കില്ല. അവ നശിച്ചു പോകും. കാരണം CD4+ T cells എന്ന കോശങ്ങൾ ഉണ്ടെങ്കിലേ HIV ക്ക് അതിന്റെ ജീവിതചക്രം പൂർത്തിയാക്കാൻ സാധിക്കൂ. മനുഷ്യരിൽ ഈ കോശങ്ങൾ ഉണ്ട്. കൊതുകിൽ ഇല്ല.

Previous Post Next Post