മലബാർ സമരം ക്വിസ്

❓മുസ്ലിംകളുടെ ആഗോള ആത്മീയ നേതൃത്വമായി കരുതപ്പെട്ടിരുന്ന തുര്‍ക്കിയിലെ ഖലീഫയെ ബ്രിട്ടിഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കിയതിനെതിരെ ഇന്ത്യയില്‍ മുസ്ലിം നേതാക്കള്‍ ആരംഭിച്ച പ്രസ്ഥാനം?
ഖിലാഫത്ത് പ്രസ്ഥാനം.
🎯 സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന  ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്നാണ് 1920-ല്‍ മലബാറില്‍ കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തനം സജീവമാക്കുന്നത്. 
 ❓സ്വാതന്ത്ര്യസമര പോരാരാട്ടമായും കർഷക കലാപമായും മാപ്പിള ലഹളയായും മലബാർ വിപ്ലവമായും പല പേരുകളിൽ വിളിക്കപ്പെടുന്ന മലബാർ സമരം നടന്ന വർഷം ഏത്?
1921. 

❓ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്നു വിളിച്ച് ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ച പോലെ സാമ്രാജ്യത്വ അനുകൂലികൾ മലബാർ സമരത്തെ എന്തു പേരിട്ടാണ് വിളിച്ചത്?
മാപ്പിള ലഹള. 

❓രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നായ 1921-ലെ മലബാർ സമരത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കൾ ആരെല്ലാം? 
വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആലി മുസ്​ല്യാരും. 

❓മലബാർ സമരത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ ചരിത്ര പ്രസിദ്ധമായ പൂക്കോട്ടൂർ യുദ്ധം നടന്നതെന്ന്?
1921 ഓഗസ്റ്റ്-26.
🎯 ആയുധ ശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പിൻവാങ്ങി. 

❓1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത് ഏതിനെക്കുറിച്ചാണ്?
പൂക്കോട്ടൂർ യുദ്ധം.
🎯 ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നും ഈ പോരാട്ടത്തെ വിശേഷിപ്പിക്കാറുണ്ട്.

❓ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനകീയ സായുധ പോരാട്ടം നടത്തി ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രൂപീകരിച്ച സ്വതന്ത്ര രാജ്യത്തിന് നല്‍കിയ പേരെന്തായിരുന്നു?
മലയാള രാജ്യം.
🎯 ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച് സ്വയം ഭരണം നടത്തിയ (ആറു മാസത്തോളം) ആദ്യത്തേതും അവസാനത്തേതുമായ ദേശമായിരുന്നു ഇത്. 

❓മലബാർ സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി നടന്ന, അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ ഭീകരത വെളിപ്പെടുത്തുന്ന സംഭവം ഏത്?
വാഗൺ ട്രാജഡി കൂട്ടക്കൊല. 
🎯 നവംബര്‍ 19-നായിരുന്നു കുപ്രസിദ്ധമായ വാഗണ്‍ ദുരന്തം. അറസ്റ്റിലായ 100 പ്രക്ഷോഭകരെ കുത്തിനിറച്ച് അന്നു തിരൂരില്‍ നിന്നു കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്കു പുറപ്പെട്ട ചരക്കുവാഗണ്‍ പോത്തന്നൂർ വരെ എത്തിയപ്പോഴേക്കും 56 പേര്‍ ശ്വാസംമുട്ടി മരിച്ചു. പിന്നീട് എട്ടുപേര്‍ കൂടി മരിച്ചു. രക്തസാക്ഷികളില്‍ 61 മുസ്ലിംകളും 3 ഹിന്ദുക്കളുമടങ്ങുന്നു. 

❓വാഗൺ ട്രാജഡി കൂട്ടക്കൊല നടന്നത് എത്രാം നമ്പർ ഗുഡ്‌സ് വാഗണിലായിരുന്നു? 
MSMLV 1711.

❓മലബാർ സമര പോരാളികളെ വെളിച്ചമോ വായുവോ കടക്കാത്ത ഗുഡ്‌സ് വാഗണിൽ കുത്തി നിറച്ച് തിരൂരിൽ നിന്ന്  കൊണ്ടു പോകുന്ന വഴി തുറന്നു നോക്കിയത് ഏത് സ്റ്റേഷനിൽ വെച്ച്?
പോത്തന്നൂർ (തമിഴ്നാട്).

❓വാഗൺ ട്രാജഡി കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ മദ്രാസ് സർക്കാർ നിയമിച്ച കമ്മീഷൻ?
എ.ആർ. നാപ്പ് (A.R. Knapp) കമ്മീഷൻ.

❓വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 
തിരൂർ.

❓"അന്നിരുപത്തിയൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്!"
'ഏറനാടിൻ ധീരമക്കൾ' എന്ന ഏറെ ജനപ്രിയമായ ഈ മലബാര്‍ പടപ്പാട്ട് എഴുതിയത് ആര്?
കമ്പളത്ത് ഗോവിന്ദൻ നായർ. 

❓മലബാർ സമരത്തെ സ്വാതന്ത്ര്യ സമരമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വർഷം ഏത്?
1971-ല്‍.

❓അധിനിവേശ ഭീകരതക്കെതിരെ ഏറനാടൻ കർഷകസമൂഹം നടത്തിയ ഐതിഹാസികമായ മലബാർ സമരത്തെ 'ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്ന്' എന്ന പേരിൽ അഭ്രപാളിയിലേക്ക് പകർത്തിയതാര്?
ഐ.വി. ശശി.
🎯 1921 കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനങ്ങൾ, ആചാരാനുഷ്ഠനാങ്ങൾ, അയിത്തം, അടിച്ചമർത്തൽ, ഹിന്ദു-മുസ്ലിം ഐക്യം തകർക്കാൻ ബ്രിട്ടിഷുകാർ കാണിച്ച കുടിലതന്ത്രങ്ങൾ എന്നിവയല്ലാം ഈ സിനിമയിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്.

❓മലബാർ സമരത്തിൽ പങ്കെടുത്തുവെന്ന പേരിൽ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ബെല്ലാരി ജയിലിൽ തടവനുഭവിച്ച കോൺഗ്രസ് നേതാവ് ചെർപ്പുളശ്ശേരി മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തന്റെ അനുഭവസാക്ഷ്യമായി എഴുതിയ പുസ്തകം ഏത്?
ഖിലാഫത്ത് സ്മരണകൾ. 

❓"1921-ൽ മലബാറിൽ നടന്ന സമരത്തെ മാപ്പിളലഹളയെന്നോ മലബാർ ലഹളയെന്നോ പറയുന്നത് ശരിയല്ല. മാപ്പിളവിപ്ലവം അഥവാ ഖിലാഫത്ത് വിപ്ലവം എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരിയായിരിക്കും. ഒരു ലഹളയല്ല ഇവിടെ നടന്നത്, ഒരു ആഭ്യന്തര വിപ്ലവമാണ്..." എന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് നേതാവ് ആര്?
ചെർപ്പുളശ്ശേരി മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (ഖിലാഫത്ത് സ്മരണകൾ). 

❓'അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍, നല്ലാര്‍ ജനങ്ങളെ കാണ്‍ക വയ്യേ, അമ്മമാരില്ലേ സഹോദരിമാരില്ലേ ഇമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ?' 
മലബാർ സമരത്തെ അധികരിച്ച് രചിച്ച 'ദുരവസ്ഥ' എന്ന കവിതയിലൂടെ മാപ്പിളമാര്‍ക്കെതിരെ തീക്ഷ്ണ വിമര്‍ശനങ്ങൾ നടത്തിയ കവിയാര്?
കുമാരനാശാൻ.
🎯 'ദുരവസ്ഥ'യിലെ ഈ വരികള്‍ കേരളത്തില്‍ പലയിടത്തും പ്രചരിച്ച ചില കുപ്രചാരണങ്ങളുടെ ഫലമായി താന്‍ എഴുതിപ്പോയതാണെന്നും, ആയത് തിരുത്താന്‍ മറ്റൊരു കൃതി പ്രസിദ്ധീകരിക്കുമെന്നും ആശാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
🎯 ആശാന്റെ 'ദുരവസ്ഥ' നേരിട്ട അനുഭവമല്ല; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിരചിതമായതാണെന്ന് ഇ.എം.എസ് നിരീക്ഷിച്ചിട്ടുണ്ട്. 

❓മലബാർ കലാപത്തിൽ കൊല്ലപ്പെട്ട ഹിച്ച്‌കോക്ക് എന്ന കുപ്രസിദ്ധ പോലീസ് മേധാവിയുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച സ്മാരകം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയതാര്? 
കമ്പളത്ത് ഗോവിന്ദൻ നായർ.
🎯 "രാജ്യസ്നേഹം വീറുകൊണ്ട കൂട്ടരുണ്ടീ നാട്ടില്, രക്ഷ വേണേൽ മണ്ടിക്കോ ഇംഗ്ലണ്ടില്..." എന്നെഴുതിയതിന് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. 

❓'ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ (Black Hole of Podanur)' എന്ന് വാഗൺ ട്രാജഡി കൂട്ടക്കൊലയെ വിശേഷിപ്പിച്ച ബംഗാളി ചരിത്രകാരൻ ആര്?  
സുമിത്ത് സർക്കാർ.

❓മലബാർ സമരം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലുള്ള കഥാപാത്രങ്ങളെ കുറിച്ച് പറയുന്ന നോവൽ എത്? 
പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച സുന്ദരികളും സുന്ദരന്മാരും. 

❓മലബാര്‍ സമരത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവരില്‍ പ്രധാനിയായ കെ.എന്‍. പണിക്കര്‍ ഈ വിഷയത്തിലെഴുതിയ പുസ്തകത്തിന്റെ പേരെന്ത്? 
Against Lord and State (1989). 

❓"ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ സ്ഥാനം ഭഗത് സിങിനൊപ്പം ആണ്.." ഇപ്രകാരം അഭിപ്രായപ്പെട്ട കേരള നിയമസഭ സ്പീക്കർ ആര്?
എം.ബി. രാജേഷ്. 

Previous Post Next Post