ഇന്ത്യൻ റെയിൽവേ

❓റെയിൽ‌ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 'ഗേജ്' എന്നറിയപ്പെടുന്നു. ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകൾ. ബ്രോഡ് ഗേജിൽ രണ്ട് പാള‌ങ്ങൾ‌ക്കിടയിലെ അകലം എത്രയാണ്?
1.676 മീറ്റർ അഥവാ 1676 മില്ലീമീറ്റർ.

❓ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽ വരുമ്പോൾ ഗവർണ്ണർ ജനറലായിരുന്നത് ആര്?
ഡൽഹൗസി പ്രഭു.
🎯 മുപ്പത്തിയഞ്ചാം വയസിൽ ഗവർണർ ജനറലായ (1848 - 1856) അദ്ദേഹം തൽസ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു.

❓ഇന്ത്യൻ റെയിൽവെയുടെ പിതാവ് എന്നറിയപ്പെടുന്ന ഡൽഹൗസി പ്രഭുവിന്റെ യഥാർത്ഥ നാമം എന്തായിരുന്നു?
ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ.

❓ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങിയത് 1853 ഏപ്രിൽ16-ന് ബോംബെ (ബോറിബന്തർ) മുതൽ താനെ വരെയായിരുന്നു. ഇതിന്റെ മൊത്തം യാത്രാദൂരം എത്രയായിരുന്നു?
34 കിലോമീറ്റർ.

❓ദക്ഷിണേന്ത്യയിലെ ആദ്യ യാത്രാതീവണ്ടി മദ്രാസിലെ റോയപുരത്തു നിന്ന് ആർക്കോട്ട് വരെ ഗതാഗതം ആരംഭിച്ച വർഷം?
1856.

❓ലോകത്തിൽ വെച്ചു തന്നെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയാണ് ഇന്ത്യയുടേത്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ യഥാക്രമം ഏതെല്ലാം?
USA, റഷ്യ, ചൈന.

❓റഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ വൈദ്യുതീകൃത റെയിൽപാത ഏതു രാജ്യത്തിന്റേതാണ്?
ഇന്ത്യ.

❓ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ട വർഷം?
1951.
🎯 ലോകതലത്തിൽ ഏറ്റവും വലിയ എട്ടാമത്തെ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ.

❓ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമുള്ള (1366.33 മീറ്റർ) റെയിൽവേ സ്‌റ്റേഷൻ ഉത്തർപ്രദേശിലാണ്. എന്താണ് പേര്?
ഗൊരഖ്പൂർ.

❓കേരളത്തിൽ രണ്ടു ജില്ലകളിലൊഴികെ മറ്റെല്ലായിടങ്ങളിലൂടെയും റെയിൽവേ ശൃംഖല കടന്നു പോകുന്നുണ്ട്. ഏതാണാ രണ്ടു ജില്ലകൾ?
ഇടുക്കി, വയനാട്.

❓കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കിലോമീറ്റർ നീളത്തിൽ പ്രവർത്തനം തുടങ്ങിയ വർഷം?
✅ 1861 മാർച്ച് 12

❓1893 ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്നും പ്രിട്ടോറിയയിലേക്കുള്ള തീവണ്ടി യാത്രക്കിടെ യുവാവായ മഹത്മാഗാന്ധി വർണ്ണവിവേചനത്തിന് ഇരയായി വെള്ളക്കാരനാൽ ഇറക്കി വിടപ്പെട്ട റെയിൽവെ സ്റ്റേഷൻ ഏത്?
പീറ്റർമാരിറ്റ്സ്ബർഗ് (Pietermaritzburg).

❓ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സോണാണ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവെ (Southern Railway). ഇത് രൂപം കൊണ്ടതെന്ന്?
1951 ഏപ്രിൽ 14.

❓കേരളം, തമിഴ്‌‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണ റെയിൽവെ മേഖല(Zone) യിൽ ആകെ എത്ര ഡിവിഷനുകളുണ്ട്?
6 ഡിവിഷനുകൾ.
(ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം).

❓ഇന്ത്യയിൽ നിലവിൽ 18 റെയിൽവെ സോണുകളാണുള്ളത്. ഇതിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട സോൺ ഏത്?
സൗത്ത് കോസ്റ്റ് റെയിൽവെ (The South Coast Railway).
🎯 ആന്ധ്രാപ്രദേശിലെ വിശാഖപട്ടണമാണ് ആസ്ഥാനം.

❓ഇന്ത്യൻ റെയിൽവെ 150th വാർഷികം ആഘോഷിക്കുന്ന വേളയിൽ അവതരിപ്പിച്ച
ഭാഗ്യമുദ്രയാണ്(mascot) പിന്നീട് സ്ഥിരം ഭാഗ്യമുദ്രയായി നിശ്ചയിച്ചത്. എന്താണ് ഇതിന്റെ പേര്?
ഭോലു എന്ന ആനക്കുട്ടി.
🎯 ഒരു പച്ച സിഗ്നൽ വിളക്ക് പിടിച്ചു കൊണ്ടു നിൽക്കുന്ന ആനയുടെ രൂപത്തിലാണ് ഈ ഭാഗ്യമുദ്ര ചിത്രീകരിച്ചിട്ടുള്ളത്.

❓വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളെ ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയുമായി ബന്ധപ്പെടുത്തുന്ന യാത്രാ തീവണ്ടി ഏത്?
രാജധാനി എക്സ്പ്രസ്സ്.
🎯 രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. 
🎯 1969-ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.

❓ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏത്? 
കന്യാകുമാരി (തമിഴ്നാട്). 
🎯 തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലാണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

❓ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ ഏത്? 
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് (4273 km).
🎯 അസം, ബിഹാർ, നാഗാലാന്‍ഡ്, ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ വഴിയാണു വിവേക് എക്സ്പ്രസ് കടന്നു വന്നത്. 

❓ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ (സമുദ്രനിരപ്പിൽ നിന്ന് 2258 മീറ്റർ) സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏത്? 
ഗൂം (Ghum Railway Station).

❓ബ്രിട്ടീഷ് ഇന്ത്യയിൽ പൊതുബജറ്റിന്റെ ഭാഗമായിരുന്ന റെയിൽവെ ബജറ്റ് 1924-ൽ ഏത് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് പ്രത്യേകം ബജറ്റാക്കിയത്?
അക്വർത്ത് കമ്മിറ്റി. 
🎯 Sir William Mitchell Acworth ആയിരുന്നു ഇതിന്റെ തലവൻ.

❓സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ആര്?
ജോൺ മത്തായി.
🎯 ഇന്ത്യയുടെ ആദ്യ റെയിൽവെ മന്ത്രിയും രണ്ടാമത്തെ ധനകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം. 

❓നീതി ആയോഗ് അംഗമായിരുന്ന ആരുടെ ശിപാർശ പ്രകാരമാണ് 2017-ൽ റെയിൽവെ ബജറ്റ് വീണ്ടും പൊതുബജറ്റിന്റെ ഭാഗമാക്കിയത്?
ബിബേക് ദെബ്രോയി.

❓റെയിൽവെ മന്ത്രിയായ ആദ്യ വനിത (2000), റെയിൽവെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത (2002) എന്നീ ഖ്യാതികൾ ആരുടെ പേരിലാണ്?
മമതാ ബാനർജി.

❓ഏറ്റവും കൂടുതൽ തവണ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ജഗജീവൻ റാം ആണ്. എത്ര തവണ?
ഏഴ് തവണ.

❓2016-ൽ രാജ്യത്തെ അവസാനത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ച റെയിൽവെ മന്ത്രി ആര്?
സുരേഷ് പ്രഭു.

❓ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചരക്കു തീവണ്ടി (Freight Train) ഏത്?
വാസുകി.
🎯 3.5 കിലോമീറ്ററാണ് ഇതിന്റെ മൊത്തം നീളം.

❓വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കാനായി ഇന്ത്യൻ റെയിൽവെ ആരംഭിച്ച പദ്ധതി ഏത്?
മേഘദൂത്.
Previous Post Next Post