യുക്തിയോ തെളിവോ ഇല്ലാതെ ഒരു കാര്യം വിശ്വസിക്കുന്നതിനാണല്ലോ അന്ധവിശ്വാസം എന്ന് പറയുന്നത്. ലോകത്ത് എക്കാലവും എവിടെയും അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയും നില നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലത് കാലക്രമേണ അപ്രത്യക്ഷമാകുമെങ്കിലും അവ മറ്റൊരു രൂപത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അന്ധവിശ്വാസങ്ങളില്‍ പ്രമുഖമാണ് ചിലയിനം ജീവികളെ സംബന്ധിച്ച അബദ്ധധാരണകള്‍ .
അതില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്ധവിശ്വാസത്തിന് ഇരയാക്കപ്പെട്ട ജീവിവര്‍ഗമാണ് സര്‍പ്പങ്ങള്‍ അഥവാ പാമ്പുകള്‍. അത്തരം ചില അന്ധവിശ്വാസങ്ങളും അവയുടെ നിജസ്ഥിതിയും വായിച്ചറിയൂ.
നാം പാമ്പിനെ ഉപദ്രവിക്കുകയോ ഉപദ്രവിക്കാന്‍ പോവുകയാണെന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുമ്പോള്‍ മാത്രമേ അവ നമ്മെ കടിക്കാന്‍ വരികയുള്ളൂ. അവയുടെ സഞ്ചാരപാതയില്‍ തടസ്സമുണ്ടാക്കാത്ത വിധം നാം മാറി നില്‍ക്കുകയാണെങ്കില്‍ അവ അതിന്റെ പാട്ടിനു പൊയ്ക്കോളും.
അന്ധവിശ്വാസം 1: സര്‍പ്പങ്ങളില്‍ അധികവും വിഷമുള്ളവയാണ്.ഇത് വ്യാപകമായൊരു തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ പാമ്പുകളില്‍ വളരെ ചെറിയൊരു ശതമാനത്തിനേ വിഷമുള്ളൂ. മനുഷ്യന് ദോഷകരമാകുന്ന വിഷപ്പാമ്പുകളുടെ എണ്ണം അതിലും കുറയും.
അന്ധവിശ്വാസം 2: മനുഷ്യന്റെ ശത്രുവാണ് പാമ്പ്.പാമ്പിന്റെ ശത്രുവാണ് മനുഷ്യന്‍ എന്നതാണ് ശരി. പാമ്പെന്നു കേള്‍ക്കുമ്പോഴേ വിഷമെന്നു ചിന്തിക്കുന്ന മനുഷ്യന്‍ അവയെ നിര്‍ദാക്ഷിണ്യം തല്ലിക്കൊല്ലുന്നു. ചത്തെന്നു ഉറപ്പു വരുത്താന്‍ തല ചതച്ചരക്കുന്ന സ്വഭാവവും ചിലര്‍ക്കുണ്ട്.
നാം പാമ്പിനെ ഉപദ്രവിക്കുകയോ ഉപദ്രവിക്കാന്‍ പോവുകയാണെന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുമ്പോള്‍ മാത്രമേ അവ നമ്മെ കടിക്കാന്‍ വരികയുള്ളൂ. അവയുടെ സഞ്ചാരപാതയില്‍ തടസ്സമുണ്ടാക്കാത്ത വിധം നാം മാറി നില്‍ക്കുകയാണെങ്കില്‍ അവ അതിന്റെ പാട്ടിനു പൊയ്ക്കോളും.
അന്ധവിശ്വാസം 3: പാമ്പിനെ ഉപദ്രവിച്ചാല്‍ അത് പാമ്പ് ഓർത്ത് വെക്കുകയും പിന്നീട് പ്രതികാരം ചെയ്യുകയും ചെയ്യും.പ്രതികാരം ചെയ്യുന്ന സ്വഭാവം പാമ്പിനില്ല. പാമ്പിന്റെ മസ്തിഷ്കം വളരെ കുറച്ചു മാത്രമേ വികസിച്ചിട്ടുള്ളൂ. അതിനാൽ പാമ്പിന് കാര്യങ്ങള്‍ ഓര്‍മിച്ചു വെക്കാനുള്ള കഴിവില്ല. പിന്നെയല്ലേ പ്രതികാരം! ഒരാള്‍ ഒരു പാമ്പിനെ കൊന്നാല്‍ അതിന്റെ ഇണ പ്രതികാരം ചെയ്യുമെന്നും ചിലര്‍ വിശ്വസിക്കാറുണ്ട്. ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. എന്നാല്‍ ഒരാള്‍ പാമ്പിനെ കൊല്ലുമ്പോള്‍ അതിന്റെ ഗുദ ഭാഗത്ത് നിന്ന് ഇണയെ ആകര്‍ഷിക്കുന്ന ഫിറമോണ്‍ പുറപ്പെടുവിക്കും. അതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു വല്ല പാമ്പുകളും അങ്ങോട്ട് വന്നേക്കാം. അതിലപ്പുറം പ്രതികാര സ്വഭാവമൊന്നും പാമ്പിനില്ല.
അന്ധവിശ്വാസം 4: പാമ്പുകള്‍ മനുഷ്യരെ പിന്തുടരുന്നു.ഇതും വ്യാപകമായൊരു ഒരു തെറ്റിദ്ധാരണയാണ്. യഥാര്‍ഥത്തില്‍ നമുക്ക് പാമ്പിനോടുള്ളതിനേക്കാള്‍ ഭയം പാമ്പിനു നമ്മോടുണ്ട്. എങ്ങനെയെങ്കിലും മനുഷ്യരില്‍ നിന്നും ഒഴിഞ്ഞു മാറുക എന്നതാണ് അവയുടെ പ്രകൃതം. എന്നിട്ടല്ലേ പിന്തുടരല്‍.
വല്ല പാമ്പും നമ്മുടെ നേരെ വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നാം അവയുടെ ഒളിത്താവളത്തിലെക്കുള്ള വഴിയില്‍ തടസ്സമായി നില്‍ക്കുന്നു എന്നാണ്. വഴി മാറിക്കൊടുത്താല്‍ അത് അതിന്റെ വഴിക്ക് പൊയ്ക്കൊള്ളും.
അന്ധവിശ്വാസം 5: കടിച്ച പാമ്പിനെ കൊണ്ട് വീണ്ടും കടിപ്പിച്ചു വിഷമിറക്കാം.പാമ്പിനെ കൊണ്ട് ഒന്ന് കൂടി കടിപിച്ചാല്‍ വീണ്ടും വിഷം ശരീരത്തില്‍ കയറും. അപകടകരമായ അന്ധവിശ്വസമാണിത്.
അന്ധവിശ്വാസം 6: പാമ്പിനെ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും.പാമ്പിനെ തിരിച്ചു കടിച്ചാല്‍ പാമ്പ് വീണ്ടും ആക്രമണത്തിനു മുതിരുമെന്നല്ലാതെ വിഷം ഇറങ്ങുകയില്ല. രക്തത്തില്‍ കലരുന്ന വിഷം പാമ്പിനെ കടിച്ചാല്‍ എങ്ങനെയാണ് ഇറങ്ങുക?
അന്ധവിശ്വാസം 7: പാമ്പിന്‍ വിഷം കുടിക്കുന്നത് അപകടകരമാണ്.വായിലോ അന്ന പഥത്തിലോ മുറിവോ വ്രണങ്ങളോ ഇല്ലെങ്കില്‍ വിഷം കുടിക്കുന്നത് കൊണ്ട് പ്രശ്നം വരില്ല. (എന്ന് കരുതി റിസ്ക് എടുക്കേണ്ട. വായിലോ മറ്റോ സൂക്ഷ്മമായ മുറിവുകള്‍ ഉണ്ടെങ്കിലോ). രക്തവുമായി സമ്പര്‍ക്കം വരാതെ നോക്കണം. പാമ്പിന്‍ വിഷം വാസ്തവത്തില്‍ ഒരു മാംസ്യം (Protein) ആണ്. ആമാശയത്തില്‍ എത്തിയാല്‍ അത് ദഹിക്കപ്പെട്ടു അമിനോ ആസിഡുകള്‍ ആയി മാറും.
അന്ധവിശ്വാസം 8: പാമ്പാട്ടിയുടെ മകുടിയിലെ സംഗീതത്തിനനുസരിച്ച് പാമ്പ് നൃത്തം വെക്കുന്നു.പാമ്പിനു അന്തരീക്ഷത്തിലൂടെ വരുന്ന ശബ്ദം സ്വീകരിക്കാനുള്ള ചെവികള്‍ ഇല്ലെന്നതാണ് വാസ്തവം. പിന്നെങ്ങനെ മകുടിയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കും? പാമ്പ് മകുടിയുടെ ചലനത്തിനനുസരിച്ചു ആടുക മാത്രമേ ചെയ്യുന്നുള്ളൂ. അതവയുടെ സഹജമായ സ്വഭാവമാണ്. പക്ഷെ കാഴ്ചക്കാര്‍ കരുതുക പാമ്പ് മകുടിയില്‍ നിന്നുള്ള സംഗീതം ആസ്വദിക്കുന്നു എന്നാണ്.
അന്ധവിശ്വാസം 9: പാമ്പ് പാല്‍ കുടിക്കുന്ന ജീവിയാണ്.പാമ്പ് ഒരു സമ്പൂര്‍ണ്ണ മാംസഭുക്കാണ്. ചെറുകീടങ്ങള്‍ തൊട്ടു മാനുകള്‍ പോലുള്ള വലിയ ജന്തുക്കളെ വരെ അകത്താക്കുന്ന പാമ്പുകളുണ്ട്. എന്നാല്‍ പാമ്പ് പാല്‍ കുടിക്കുകയില്ല എന്നതാണ് സത്യം.
സര്‍പ്പപൂജ നടത്തുന്ന വിശ്വാസികള്‍ പാല്‍ നേദിക്കാറുണ്ടല്ലോ. വിശ്വാസവും ആചാരവും എന്ത് തന്നെ ആയാലും പാമ്പ് പാല്‍ കുടിക്കുകയില്ല.
അന്ധവിശ്വാസം 10: പാമ്പ് മാണിക്യക്കല്ല് ചുമക്കുന്നു. (രാജ വെമ്പാല 'നാഗമാണിക്യം' ചുമക്കുന്നു. അത് ലഭിച്ചാല്‍ പണക്കാരനാവും).ഇതും ശരിയല്ല. പാമ്പിന്റെ വായില്‍ മാണിക്യക്കല്ല് ഉള്ളത് മുത്തശ്ശികഥകളില്‍ മാത്രം. ഇല്ലാത്ത മാണിക്യക്കല്ല് കിട്ടാനും പോകുന്നില്ല. അതിനാല്‍ പണക്കാരനും ആവില്ല.
അന്ധവിശ്വാസം 11: സര്‍പ്പങ്ങള്‍ നിധിക്ക് അല്ലെങ്കില്‍ ധനത്തിന് കാവല്‍ നില്‍ക്കും.പാമ്പുകള്‍ക്ക് ആരുടേയും ധനത്തിന് കാവല്‍ നില്‍ക്കുന്ന സ്വഭാവമില്ല. ഏതെങ്കിലും ആള്‍ പെരുമാറ്റം ഇല്ലാത്ത ഇടങ്ങളില്‍ എലികളെയും മറ്റും അന്വേഷിച്ചു പാമ്പുകള്‍ വരാറുണ്ട്. പണ്ട് കാലത്ത് ആളുകള്‍ തങ്ങളുടെ ധനം പറമ്പില്‍ കുഴിച്ചിടുന്ന രീതി ഉണ്ടായിരുന്നു. അതിനടുത്തോ മറ്റോ വല്ല പാമ്പും ചത്തു മണ്ണടിഞ്ഞു പോകാം. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ആരെങ്കിലും ആ സ്ഥലം കുഴിക്കുമ്പോള്‍ നിധിയും പാമ്പിന്റെ അവശിഷ്ടങ്ങളും ഒരുമിച്ചു കാണും. ഇതില്‍ നിന്നും പാമ്പുകള്‍ നിധിക്ക് കാവല്‍ നില്‍ക്കും എന്ന തെറ്റിധാരണ വരുന്നു.
അന്ധവിശ്വാസം 12: പാമ്പിന്റെ ത്വക്ക് വഴുവഴുപ്പുള്ളതാണ്.വരണ്ട ശല്‍ക്കങ്ങള്‍ നിറഞ്ഞതാണ് പാമ്പിന്റെ ത്വക്ക്. കെരാറ്റിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് അവയുടെ ശല്‍ക്കങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ നഖവും രോമവും പക്ഷികളുടെ തൂവലുമൊക്കെ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഇത് കൊണ്ടാണ്. ശല്ക്കങ്ങള്‍ക്ക് നല്ല മിനുസവും തിളക്കവും ഉള്ളതിനാല്‍ വഴുവഴുപ്പും തണുപ്പും ഉള്ളതാണെന്ന് തോന്നാം.
അന്ധവിശ്വാസം 13: പാമ്പ് പശുവിന്റെ കാലില്‍ ചുറ്റി അകിടില്‍ നിന്ന് പാല്‍ വലിച്ചു കുടിക്കും.പാമ്പ് പാല്‍ കുടിക്കില്ല എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാല്‍ ഇതും തെറ്റായ ധാരണയാണ്. ദ്രാവകരൂപത്തിലുള്ള വസ്തുക്കള്‍ വലിച്ചു കുടിക്കാനുള്ള (Suction) കഴിവും പാമ്പിനില്ല.
അന്ധവിശ്വാസം 14: ഗര്‍ഭിണികള്‍ പാമ്പിനെ കണ്ടാല്‍ കാഴ്ചശക്തി നഷ്ടപ്പെടും.അടിസ്ഥാനരഹിതമായ മറ്റൊരു വിശ്വാസം. പാമ്പിനെ കണ്ടത് കൊണ്ട് ആരുടേയും ശരീരത്തിന് ഒരു ദോഷവും വരില്ല. ഒരു പക്ഷെ പാമ്പിനെ കണ്ടു പേടിച്ചാല്‍ മാനസികമായ വല്ല പ്രശ്നവും വന്നേക്കാം. അതിലപ്പുറം ശാരീരികമായ ഒരു പ്രശനവും വരില്ല.
അന്ധവിശ്വാസം 15: പാമ്പുകള്‍ക്ക് പറക്കാന്‍ കഴിയും.പാമ്പുകള്‍ക്ക് പക്ഷികളെ പോലെ പറക്കാന്‍ കഴിയില്ല. എന്നാല്‍ ചിലയിനം പാമ്പുകള്‍ക്ക് (ഉദാഹരണം: Paradise tree snake) വായുവിലൂടെ വലിയ ദൂരം (300 അടി വരെ) തെന്നി നീങ്ങാന്‍ കഴിയും. ഇത് കാഴ്ചക്കാര്‍ക്ക് ഒരു പറക്കല്‍ പോലെ തോന്നും. ചൈനയിലും ആമസോണ്‍ വനങ്ങളിലും ഇത്തരം പാമ്പുകള്‍ ഉണ്ട്. വളരെ അതിശയകരമായ കാഴ്ചയാണ് ഇത്.
അന്ധവിശ്വാസം 15: സര്‍പ്പങ്ങളുടെ കണ്ണുകളില്‍ നോക്കിയാല്‍ അവ നമ്മെ മയക്കിക്കളയും.പാമ്പുകള്‍ക്ക് കണ്‍ പോളകള്‍ ഇല്ല. അത് കൊണ്ട് തന്നെ നാം കണ്ണ് ചിമ്മുന്നത് പോലെ അവക്ക് കണ്ണ് ചിമ്മാന്‍ കഴിയില്ല. ഈ പ്രത്യേകത മൂലം അവ നമ്മെ സൂക്ഷിച്ചു നോക്കി ഹിപ്നോട്ടിസം നടത്തുകയാണെന്ന് തോന്നുന്നു. വശങ്ങളിലെക്കുള്ള അവയുടെ ആട്ടവും അങ്ങനെയൊരു തോന്നല്‍ സൃഷ്ടിക്കുന്നു.
അന്ധവിശ്വാസം 16: പാമ്പ് കടിയേറ്റ ആളെ മന്ത്ര-തന്ത്രാദികള്‍ കൊണ്ട് സുഖപ്പെടുത്താം.അപകടകരമായ മറ്റൊരു അന്ധവിശ്വാസം. പാമ്പ് കടിയേറ്റ ആളെ ഉടനെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കുകയല്ലാതെ മന്ത്രവും ഹോമവും നടത്താന്‍ നില്‍ക്കരുത്. ജീവന്‍ പോകുന്ന കളിയാണിത് എന്നോര്‍ക്കണം. പാമ്പിന്‍ വിഷത്തിനെതിരെയുള്ള മരുന്ന് (Anti-venom) ഉപയോഗിച്ച് രോഗിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. മുറി വൈദ്യന്മാരെ അഭയം പ്രാപിക്കുന്നതും വിഡ്ഢിത്തമാണ്. ചില എണ്ണകളും കല്ലുകളും പച്ചമരുന്നുകളുമൊക്കെ ഇത്തരക്കാര്‍ വിഷ ചികിത്സക്ക് എന്ന പേരില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതൊക്ക അശാസ്ത്രീയവും ഫലശൂന്യവുമാണെന്ന് ശാസ്ത്രം പറയുന്നു.
അന്ധവിശ്വാസം 17: മൂര്‍ഖന്‍ പാമ്പുകള്‍ ചേരയുമായി ഇണ ചേരും.മൂര്‍ഖന്‍ പാമ്പുകള്‍ അവയുടെ വര്‍ഗത്തില്‍ പെട്ട പാമ്പുകളുമായി മാത്രമേ ഇണ ചേരുകയുള്ളൂ. മറിച്ചുള്ള വിശ്വാസം തെറ്റാണ്.
അന്ധവിശ്വാസം 18: പഫ് ആഡര്‍ (Puff adder) എന്നയിനം പാമ്പിന്റെ ശ്വാസത്തില്‍ വിഷം ഉണ്ട്.പഫ് ആഡര്‍ ശ്വാസം വിടുമ്പോള്‍ തന്റെ വിഷം ദൂരെയുള്ള ഒരു വ്യക്തിയുടെ മേല്‍ സ്പ്രേ ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ ധാരണ തെറ്റാണ്. ശത്രുക്കളെ പേടിപ്പിക്കാന്‍ വേണ്ടി അവ ഫണം വിടര്‍ത്തി ചീറ്റുമെങ്കിലും അവയുടെ ശ്വാസത്തില്‍ തീരെ വിഷം ഇല്ല.
അന്ധവിശ്വാസം 19: പാമ്പ് തന്റെ ശരീരം ചക്രം പോലെയാക്കി കുന്നിനു താഴേക്ക് ഉരുണ്ടു പോകും.
അന്ധവിശ്വാസം 20: സാന്‍ഡ് ബോവ (Sand boa) എന്നയിനം സര്‍പ്പങ്ങള്‍ കടിച്ചാല്‍ കുഷ്ടം പിടിപെടും.സാന്‍ഡ് ബോവ പാമ്പുകളുടെ ശരീരത്തിലുള്ള പാടുകള്‍ കണ്ടിട്ടാവാം ഈ ഒരു വിശ്വാസം വന്നത്. കുഷ്ടം ബാധിച്ച ആളുടെ മാതിരിയുള്ള പാടുകള്‍ ഈ നിരുപദ്രവകാരിയായ ജീവിയില്‍ കാണാം. ഒരു തരത്തിലുള്ള രോഗവും ഇവ ഉണ്ടാക്കുകയില്ല.
അന്ധവിശ്വാസം 21 : പചിലപ്പാമ്പ് അതിന്റെ തല കൊണ്ട് മനുഷ്യന്റെ തല തുളക്കും.പച്ചിലപ്പാമ്പ് (green tree snake) മനുഷ്യന് അപകടം ചെയ്യാത്ത വിഷമില്ലാത്ത പാമ്പാണ്. തല തുളക്കാനുള്ള കഴിവൊന്നും അതിനില്ല.
അന്ധവിശ്വാസം 22: ശംഖു വരയന്‍ പാമ്പ്, മനുഷ്യന്‍ ഉറങ്ങുന്ന സമയത്ത് അവന്റെ ശ്വാസം വലിച്ചെടുക്കുന്നു.ശംഖുവരയന്‍ (kraits) മാരക വിഷമുള്ള ഒരു സര്‍പ്പമാണ്. പക്ഷെ ആരുടേയും ശ്വാസം വലിച്ചെടുക്കാനുള്ള കഴിവൊന്നും അതിനില്ല. ഈ പാമ്പിന്റെ കടിയേറ്റു കഴിഞ്ഞാല്‍ ശ്വസന തടസ്സം ഉണ്ടാകുന്നത് കൊണ്ടാകാം ഇങ്ങനെ ഒരു വിശ്വാസം വന്നത്.
അന്ധവിശ്വാസം 23: രണ്ടറ്റത്തും തലയുള്ള പാമ്പാണ് റെഡ് സാന്‍ഡ് ബോവ.
റെഡ് സാന്‍ഡ് ബോവ (red sand boa- ഒരിനം മലമ്പാമ്പ്) യുടെ വാല്‍ നല്ല തടിച്ചതാണ്. കണ്ടാല്‍ തല പോലെ തോന്നും. ശത്രുക്കളെ പറ്റിക്കാന്‍ (മനുഷ്യനെയടക്കം) ഇ പ്രത്യേകത അവ ഉപയോഗപ്പെടുത്തുന്നു.
അന്ധവിശ്വാസം 24: പെരുംപാമ്പുകള്‍ ദൂരെ നിന്നും ഇരയെ വലിച്ചെടുക്കുന്നു.
100% തെറ്റായ ധാരണയാണ് ഇതും. അത്തരത്തിലുള്ള ഒരു കഴിവും ഒരു പാമ്പിനും ഇല്ല.
അന്ധവിശ്വാസം 25: പാമ്പുകള്‍ മനുഷ്യരുമായി ഇണങ്ങുന്ന ജീവിയാണ്.
പാമ്പിന്റെ തലച്ചോറിന് വികാസം കുറവാണ്. അതിനാൽ ആരെയും ഓർത്തുവെക്കാനോ ഇണങ്ങുവാനോ ഉള്ള കഴിവ് അതിനില്ല. വളർത്തുന്ന പാമ്പുകൾക്ക് അതിന്റെ ഉടമയോട് സ്നേഹമോ ഇണക്കമോ ഉണ്ടാവുകയില്ല. തീറ്റ കൊടുത്താൽ കഴിക്കുമെങ്കിലും.